Monday, August 23, 2010

നിര്‍വ്വചനം

കവിതയെ നിര്‍വ്വചനങ്ങളില്‍
ഒതുക്കാനാവില്ല.
കാരണം ഓരോകവിതയും
അപ്പോള്‍ അതിന്റെ
തോടുപൊളിച്ച് പുറത്ത് വരും.

കാരണം
ചിലകവിതകള്‍ തലയോട്ടില്‍
അഗ്നിപര്‍വ്വതങ്ങള്‍ സൃഷ്ടിക്കും
കണ്ണിലൂടെ ലാവ പൊട്ടിയൊലിക്കും.
വാക്കിനു തീപിടിപ്പിക്കും.
ഒരു രാഷ്ട്രത്തെ തന്നെ കറുപ്പിക്കുകയോ
ചുവപ്പിക്കുകയോ ചെയ്യും.

മറ്റു ചിലകവിതകള്‍
മഴപെയ്യിക്കും.
കടലാസുവഞ്ചികള്‍
ഒഴുക്കിക്കൊണ്ടു വരും.
തുമ്പയും മുക്കുറ്റിയും
മണക്കും.

മറ്റു ചിലത്
അച്ചില്‍ നിന്നടര്‍ന്ന്
മഷിപുരളാത്ത
സ്വാതന്ത്ര്യം പ്രഖാപിക്കും
ഭാഷയെ അതിലംഘിച്ച്
എന്നെയും നിന്നെയും
അന്യദേശക്കാരാക്കും.

പക്ഷെ ഒടുവില്‍,
ഒറ്റക്കവിതകൊണ്ട്
എന്നെ നീ
നിന്റേതാക്കിയപ്പോഴാണ്
അക്ഷരങ്ങള്‍ക്ക്
ജീവനുണ്ടെന്നെനിക്ക്
മനസ്സിലായത്.