Friday, November 5, 2010

പോസ്റ്ററൊട്ടിക്കുന്ന ആണ്‍കുട്ടി

പകുതി കീറിപ്പോയ
ഒരു പോസ്റ്റര്‍ പോലെ
വായിച്ചെടുക്കാന്‍ അപൂര്‍ണ്ണവും
അവ്യക്തവും ആണെങ്കിലും

പോസ്റ്റര്‍ മതിലിനോടെന്ന പോലെ
അവന്‍ നഗരത്തിനോട്
ഒട്ടിച്ചേര്‍ന്നിരുന്നു.


ടൈറ്റാനിക്കിനും
എന്തിരനും
മതമഹാസമ്മേളനങ്ങള്‍ക്കും
രാഷ്ട്രപിതാവിന്റെ
വട്ടക്കണ്ണടക്കും
വോട്ടഭ്യര്‍ഥനകള്‍ക്കും
ഇടയിലൂടെ അവന്റെ
വിരലുകള്‍ ഒഴുകി
നടക്കാറുണ്ടായിരുന്നു


ഓരോ ഇലക്ട്രിക് പോസ്റ്റില്‍ നിന്നും
അടച്ചിട്ട കടവരാന്തയില്‍ നിന്നും
മറന്നു വെച്ച ചുവരുകളില്‍ നിന്നും
പോസ്റ്ററുകളിലൂടെ
പുതിയ ബസ് യാത്രക്കാരെ
നോക്കി ചിരിച്ച്

നിശ്ചലതയാണ്-
ഏറ്റവും നീണ്ട സഞ്ചാരമെന്ന്
വിളിച്ചു പറഞ്ഞു.


എല്ലാ ഈര്‍ക്കില്‍
പാര്‍ട്ടികളുടെയും
പോസ്റ്ററിനു ഒരേ കൂലി
വാങ്ങുന്നത് കൊണ്ടായിരിക്കാം
അവനു രാഷ്ട്രീയമില്ലാതെ പോയത്

ഏതൊ ഒരു ഷക്കീല
ചിത്രത്തിന്റെ പോസ്റ്ററിലെ
നിറയൗവനത്തില്‍
നഖം തടഞ്ഞപ്പോഴാകാം
അവനു പ്രണയത്തെ പറ്റി
ആദ്യമായി
നഷ്ടബോധം തോന്നിയത്.


എന്നിട്ടും ,

വിശപ്പിനും പ്രണയത്തിനും
മീതെ ഉയര്‍ത്തിക്കെട്ടിയ
മതിലുകള്‍ക്കു മുകളില്‍
നമ്മള്‍ അവനെ ആട്ടിപ്പായിക്കുകയാണല്ലോ
"പരസ്യം പതിക്കരുത്" എന്ന്.


=============