Tuesday, June 29, 2010

ജീന്‍സിട്ട ബുദ്ധന്‍.

എനിക്ക് കുട വാങ്ങിതന്ന്
മഴയുമായി തെറ്റിച്ചതിന്
വാച്ചു വാങ്ങിത്തന്ന്
അസമയങ്ങള്‍ ഉണ്ടെന്ന്
പറഞ്ഞു പഠിപ്പിച്ചതിന്
എന്റെ മുറിയിലെ
ചിലന്തിവലകള്‍ തൂത്തെറിഞ്ഞ്
അലസതയുടെ വത്മീകത്തിന്റെ
കണ്ണില്‍ കുത്തിയതിന്

നിനക്കു മാപ്പില്ല.

നീ ഞാന്‍ ദൈവമാണെന്ന്
പറഞ്ഞത് ശരിയാണ്.
മോഹങ്ങള്‍ മരിച്ച്
പ്രതീക്ഷകളില്‍ അന്ധനായ
ബോധിസത്വന്‍.

എന്റെ മുറിയിലെ
അഴുകിയ തുണീയുടെ
ശവഗന്ധവും
തലയില്‍ വീണ് വടക്കോട്ടു
പാഞ്ഞ പല്ലിയും
കണ്ണിനുമുകളില്‍ പറന്നുവീണ പാറ്റയും
വഴി തെറ്റി വരാറുള്ള തേളുകളും
ആണ് എനിക്ക്
ബോധി വൃക്ഷത്തിന്റെ
തണല്‍ തരുന്നത്.

അതുകൊണ്ട് നമുക്ക് പിരിയാം
എന്തെന്നാല്‍,

എന്റെ ബുദ്ധത്വത്തില്‍
നിന്റെ പ്രണയം എനിക്ക്
അപരിചിതമാണ്.
കരളുകരിക്കുന്ന
ചാരായമെന്ന സോമപാനവും
ഭാംഗും ചരസ്സും ചേര്‍ത്ത
ധൂമപാനവും
നാഗസന്യാസിയുടെ
നഗ്നതയില്‍ പടര്‍ന്ന സ്വാതന്ത്ര്യവും
ആണെനിക്ക് പ്രണയം.

....

Sunday, June 27, 2010

പ്രണയം ആണുങ്ങള്‍ക്ക് പറഞ്ഞതാണ്.

"ഹ ഹ..നീ എന്നെ പ്രണയിച്ചിട്ടല്ലേ കെട്ടിയത് പിന്നെന്താ നിന്റെ അനിയത്തി ഒരു കൃസ്ത്യാനിയെ പ്രണയിക്കുന്നു എന്നറിഞ്ഞപ്പോള്‍ നിനക്കൊരു വിഷമം ? "
ശ്വേത ഒന്നും പറഞ്ഞില്ല.അടുക്കളയില്‍ ഉള്ളി അരിയുന്നതിലും അരിയുടെ വേവ് നോക്കുന്നതിലും ആണ് തന്റെ ശ്രദ്ധ എന്ന് അവള്‍ വരുത്തിത്തീര്‍ക്കാന്‍ നോക്കി.ഞാന്‍ വെറുതെ വിട്ടില്ല" അല്ല നീ പറ..!!" അവള്‍ സാരിത്തലപ്പ് കൊണ്ട് മുഖം തുടച്ചു.ഗ്യാസ് ഇന്നലെ തീര്‍ന്നതാണ്.അടുപ്പിലെ തീ ഊതിയിട്ടാകണം അവളുടെ കണ്ണ് കലങ്ങിക്കിടക്കുന്നു. ഞാന്‍ പറഞ്ഞു : "അല്ലെങ്കിലും നിങ്ങള്‍ പെണ്ണുങ്ങള്‍ ഇങ്ങനെയാണ്,സ്വന്തം കാര്യം വരുമ്പോള്‍ സ്വാതന്ത്ര്യം പ്രസംഗിക്കും.അനിയത്തിയുടെ കാര്യത്തില്‍ വെറും യാഥാസ്ഥിതികരും"

ഞാന്‍ പഴയ കാലം ഓര്‍ത്തു.ജാതി തെറ്റിച്ച് കെട്ടുന്നത് നാട്ടില്‍ ആദ്യമൊന്നും അല്ല.എന്നാലും നമ്മുടെ കല്യാണം അന്ന് നാട്ടില്‍ മറ്റെന്തും പോലെ തന്നെ ഒരു സംസാരവിഷയമായിരുന്നു.ഒരിക്കല്‍ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് ശ്വേത എന്റെ കയ്യില്‍ നിന്ന് പത്രം പിടിച്ചു വാങ്ങി ഇങ്ങനെ ചോദിച്ചത്."നമ്മള്‍ ഒരേ തെറ്റല്ലേ ചെയ്തത്,പിന്നെന്താ കല്യാണിയേച്ചി അങ്ങനെ പറഞ്ഞത് ?" എന്തു തെറ്റ്.എങ്ങനെ പറഞ്ഞത്.ഞാന്‍ അന്തം വിട്ടു നിന്നു.പാലു കൊണ്ട് വരുന്ന കല്യാണിചേച്ചി കൃഷ്ണേട്ടന്റെ ഭാര്യ മാലതിയോട് പറഞ്ഞത് അന്ന് അവള്‍ എങ്ങനെയോ കേട്ടതാണ് :"അവന്‍ ആണ്‍കുട്ട്യാ,പ്രേമിച്ച പെണ്ണിനെ തന്നെ കെട്ടി,പക്ഷെ ആ ഒരുമ്പെട്ടോള്‍ക്ക് അവളുടെ അനിയത്തീടെ ഭാവിയെ പറ്റിപ്പോലും ചിന്ത ഉണ്ടായില്ലല്ലോ" .

ഞാന്‍ ചിരിച്ചു.അല്ലെങ്കിലും അതങ്ങനെ ആണ്.ജ്വല്ലറി പരസ്യത്തില്‍ അച്ഛന്റെ വിശ്വാസം കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്ഥയായ പെണ്‍കുട്ടിയാണ് 'കുടുംബത്തില്‍ പിറന്നവള്‍'.പകരം ഒരു ആണ്‍ കുട്ടിയാണ് ഒരു പെണ്ണിനെ മഴയത്ത് നിര്‍ത്തിച്ച് ഓടിവന്ന് അച്ഛനോട് മാപ്പു പറയുന്നെങ്കില്‍ ആ പരസ്യം ഒന്നാംതരം തമാശ ആയേനെ.ആണ്‍കുട്ടികള്‍ സ്വാതന്ത്ര്യത്തെക്കുറിച്ചു സംസാരിക്കണം.പെണ്‍കുട്ടികള്‍ വിശ്വാസം കാത്ത് കൊള്ളണം എന്നാലേ കയ്യടി കിട്ടൂ.എന്റെ ചുണ്ടില്‍ വീണ്ടും ഒരു പുഞ്ചിരി പടര്‍ന്നു.

വായിച്ചോണ്ടിരുന്ന പത്രം പിടിച്ചു വാങ്ങി അവള്‍ ചോദിച്ചു."എന്താ ചിരിക്കുന്നത്.പത്രത്തിലെന്താ ഇത്ര വലിയ തമാശ".വായിക്കുമ്പോള്‍ പത്രം പിടിച്ചു വാങ്ങുക അവളുടെ സ്ഥിരം സ്വഭാവമാണ്.ഭര്‍ത്താവിന്റെ മുകളില്‍ ഇങ്ങനെ കൊച്ചു കാര്യങ്ങളില്‍ അല്ലാതെ അവകാശം സ്ഥാപിക്കാന്‍ അവള്‍ ശ്രമിക്കാത്തത് കൊണ്ട് ഞാന്‍ ഒന്നും പറയാറില്ല.ഞാന്‍ പറഞ്ഞു:"എടീ,ഈ പ്രണയം ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്" .അവള്‍ക്ക് ഒന്നും മനസ്സിലായില്ല.ടിവി പരസ്യത്തില്‍ അപ്പോള്‍ അച്ഛന്‍ കാമുകനെ കാറിനടുത്ത് കാത്തു നിര്‍ത്തി മുങ്ങിയ പെണ്‍കുട്ടിയെ ചേര്‍ത്തു പിടിക്കുക ആയിരുന്നു."വിശ്വാസം അതല്ലേ എല്ലാം"

Saturday, June 26, 2010

പ്രണയവേനല്‍ !

ഇലയ്ക്കും മുള്ളിനും
കേടില്ലാതെയാകണം
നമ്മുടെ പ്രണയം
എന്നു ശാഠ്യം പിടിച്ചത്
നീ തന്നെയായിരുന്നു.

പക്ഷേ,
അതിനിടയില്‍ എപ്പോഴാണ്
പ്രീയപ്പെട്ടവളേ,
ഇതളുകള്‍ ഒന്നൊന്നായ് അടര്‍ന്ന്
നമുക്കുള്ളിലെ പൂവുകള്‍
കൊഴിഞ്ഞു വീണത്.

ജ്വാലാമുഖി

ഒരു മെഴുകു തിരിയുടെ
വിയര്‍പ്പായിരുന്നു നിന്റെ പ്രണയം.
ഓരോ തുള്ളിയിലും
അത് ചെറുതായിക്കൊണ്ടിരിക്കുന്നു.


ഓരോ തുള്ളിയും വെടിഞ്ഞ്
ജ്വാലയുടെ അകക്കണ്ണില്‍
തിമിരം പടര്‍ന്ന്,
അവസാനം ഒരു
കുത്തിയൊലിക്കല്‍ ഉണ്ട്
അന്നാണ് നമ്മള്‍
വിവാഹിതരായത്


പിന്നെ പ്രണയത്തിനു
ഇരുട്ടിന്റെ ഭാഷയാകും.
അതുകൊണ്ടാണല്ലോ
ആദ്യരാത്രിയില്‍
ആദ്യ ചുംബനത്തിനു മുന്‍പെ
വിളക്കണക്കണം എന്ന് നീ
ശാഠ്യം പിടിച്ചത്.

പിന്നെ എപ്പൊഴൊക്കെയോ
കെട്ടുപോയ പ്രണയത്തിന്റെ
കരിയും പുകയും മറന്ന്
അടുപ്പില്‍ തീകൂട്ടി നമ്മള്‍
ജീവിതം വേവിക്കാന്‍ തുടങ്ങി.

എങ്കിലും പ്രീയപ്പെട്ടവളേ,
ഞാന്‍ ഇപ്പൊഴും
നിന്റെ പുകയില്‍ തീകാഞ്ഞ്
ഒരു പഴയ പ്രണയം
ഓര്‍ത്തെടുക്കാറുണ്ട്.

യക്ഷി

കാറ്റുപോലും പ്രണയം ചുരത്തുന്ന
കര്‍ക്കിടകം കനത്തുപെയ്യുന്ന നാള്‍.
വാകപൂത്ത കരിമ്പനക്കാട്ടിലെ
ചോരപൂക്കുന്ന രാവിന്റെ മാറിലായ്

മുല്ലമൂടും മുടിയും മനസ്സിന്റെ
ചില്ലുവാതില്‍ തുറക്കും ചിരിയുമായ്
മെല്ലെ വന്നു വിളിച്ചു മദാലസം
ചൊല്ലി നീ നിന്‍ പ്രണയം പകുക്കുമോ

എന്തു വാക്ക് മറുപടി നല്‍കണം
ചിന്തപാഞ്ഞു മനസ്സില്‍ തീമിന്നലായ്
ചൊല്ലി ഞാന്‍ നിന്റെ രക്തം തുടിക്കുന്ന
ചുണ്ടുകള്‍ നീ പകരം കൊടുക്കുമോ.

മന്ദഹാസം മറുപടി, കണ്ണില്‍
നിന്നുത്തരം പോലെ കൊള്ളിമീന്‍ വീഴവേ
ഒട്ടുനേരമെന്‍ മാറില്‍ മുഖം ചേര്‍ത്തു,
ചങ്കിലേക്കാഴ്ന്നിറങ്ങുന്നു പല്ലുകള്‍

ദു:ഖമില്ലെന്‍ പ്രണയിനീ നീ എന്റെ,
വ്യര്‍ഥ ജീവന്‍ കുടിക്കുന്ന മാത്രയില്‍
ചങ്കിലാഴ്ത്തി ത്തറച്ച നിന്‍ പല്ലുകള്‍
തന്ന ചുംബനത്തിന്‍ രക്തസാന്ത്വനം
കൊണ്ട് ധന്യമായ് പ്രേമം മരണത്തിന്‍
കണ്ണുകളത് കാണാതെ പോകുമോ.


മോക്ഷമാണ് പ്രണയം, മരണവും
മോക്ഷമാണ്, പിന്നെന്തിനീ ജീവിതം.

സ്റ്റാറ്റ്യൂട്ടറി വാണിങ്.

ആദ്യം ഒരു സിഗരറ്റു കത്തിക്കുക
പിന്നെ ഒന്ന് ആഞ്ഞ് വലിക്കുക
ഇന്നത്തെ ഓര്‍മ്മകളില്‍
ഒരൊറ്റ കവിള്‍ പുക നിറക്കുക.

ഗേറ്റടച്ച റെയില്‍വെ ക്രോസ്സിങിന്റെ
നിശ്ശബ്ദതയിലേക്ക്
മടുപ്പിക്കുന്ന നിശ്വാസങ്ങളും
കുഞ്ഞു കണ്ണുകളില്‍ നിന്ന്
റെയില്‍ പാളത്തിലേക്കു
നീളുന്നകൗതുകങ്ങള്‍ക്കുമിടയില്‍
നിശ്ശബ്ദത ഭഞ്ജിച്ച് മൊബൈല്‍
ഫോണിലേക്ക് വന്ന
ഒരു റിങ്ടോണിലൂടെ
അവളുടെ ചുംബനത്തിലേക്കുള്ള
നീളം അളക്കുക.


രാത്രിവണ്ടിയില്‍
ഒറ്റപ്പെട്ട പെണ്‍കുട്ടിയുടെ
കണ്ണുകളിലെ അരക്ഷിതത്വം
വായിച്ചെടുക്കുക
അവളുടെ നെഞ്ചിലേക്ക്
അറിയാതെ ചെന്നു തറച്ച
നോട്ടത്തിന്റെ ആഴമളക്കുക.

പിന്നെയും
പ്രണയത്തിനു കുറുകെപ്പാഞ്ഞ
കറുത്ത പൂച്ചയുടെ
തിളക്കം തേഞ്ഞകണ്ണുകളൂം
കണ്ണില്‍ നിന്നുതിര്‍ന്ന
കാഴ്ചയുടെ അനുസരണക്കേടും
ഓര്‍ക്കുമ്പോഴെക്കും
സിഗരറ്റ് നിങ്ങളുടെ ചുണ്ടുകളെ
പൊള്ളിച്ചു തുടങ്ങും

അപ്പൊഴെക്കും ചുണ്ടില്‍ വെച്ച്
പൊള്ളലേറ്റ ചുംബങ്ങള്‍
ചിതറിവീഴാന്‍ തുടങ്ങും

അതുകൊണ്ട്
സിഗരറ്റു വലി ആരോഗ്യത്തിന്
ഹാനീകരമല്ല.

മണല്‍ പാട്ട്.

മഴച്ചെക്കന്‍ മലപ്പെണ്ണില്‍
വിതച്ച ബീജം.
പുഴക്കുഞ്ഞായ് ജലധിയില്‍
പതിച്ച ശേഷം

കടല്‍ ഞണ്ടും കരിമീനും
പുളഞ്ഞ മെയ്യില്‍
മരങ്ങള്‍ക്കു മുലഞെട്ടു
ചുരന്ന നെഞ്ചിന്‍

മുലപ്പാലു കുടിക്കേണ്ടോര്‍
മദം കൊണ്ട് മണല്‍ തു-
രന്നിടം നെഞ്ചിന്‍ കടും ചോര
നുണഞ്ഞിടുമ്പോള്‍

മറക്കണ്ട,വരണ്ട ചു-
ണ്ടുണര്‍ത്തുവാനിറ്റുവെള്ളം
പകര്‍ന്നിടാതിടറി നീ
ഉറക്കമാകും.