Saturday, September 24, 2011

പുലികള്‍ മൂത്രമൊഴിക്കുന്ന സ്ഥലം.

.

കുളിമുറിയില്‍ ആണ്
എല്ലാ നിറങ്ങളും ഒലിച്ച്
മനസ്സ് പച്ച ആകുന്നത്.

ഡോക്റ്ററും
പച്ചക്കറി കച്ചവടക്കാരനും
സൈക്കിള്‍ റിക്ഷ ഓടിക്കുന്ന
ഗുജറാത്തിയും
വെള്ളത്തുള്ളിയില്‍ അലിഞ്ഞ്
ഒരു പോലെ
ആദാമിലേക്ക്
മടങ്ങിപ്പോകാറുണ്ട്.

ആശിഷ് തന്റെ മാനേജറെ
തെറിവിളിക്കുന്നതും
ഓഫീസില്‍ മസിലുപിടിച്ചിരിക്കുന്ന
സെയിത്സ് എക്സിക്യുട്ടീവ് പങ്കജ്
ഉറക്കെ പൊട്ടിച്ചിരിക്കുന്നതും
കുളിമുറിയിലേക്ക് ചെവി ചേര്‍ത്താല്‍
ഞാന്‍ കേള്‍ക്കാറുണ്ട്

ഇവിടെ
പുലികള്‍ ഇടം കാല്‍ പൊക്കി
പട്ടികളെ പോലെ
മൂത്രമൊഴിക്കാറുണ്ട്.
സിംഹങ്ങള്‍ കണ്ണാടി നോക്കി
കുരങ്ങുകളെ പോലെ പല്ലിളിക്കാറുണ്ട്.

എന്തിന്
കരടികള്‍ ലജ്ജയില്ലാതെ
മനുഷ്യനെ പോലെ രണ്ട് കാലില്‍
നടക്കാറുണ്ടത്രെ കുളിമുറികളില്‍.

ഒടുവില്‍
ഉടുപ്പുകള്‍ക്കൊപ്പം
നിറങ്ങളെല്ലാമണിഞ്ഞ്
അഛനോ അമ്മയോ
ഭാര്യയോ ഒക്കെ ആയി
പുറത്തിറങ്ങുന്നു.

പിന്നെയും
ഒരു കുളിമുറിയില്‍
പച്ച വെള്ളത്തെക്കാള്‍
പച്ചയാകുന്നത് വരെ.


--------------------------

Saturday, September 10, 2011

എന്റെ ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍ക്ക്..!!!

ഒന്നാം സൌഹൃദം :
====================

പ്രണയത്തിന്റെ പൊള്ളലേറ്റവന്‍
ഇന്നൊരു മഞ്ഞു കട്ടയുടെ
തെളിഞ്ഞ സ്നേഹത്തിലേക്ക്
സ്വതന്ത്രനായവന്‍.

രണ്ടാം സൌഹൃദം :
=============

പ്രണയവും സൌഹൃദവും അല്ലാതെ
നമുക്കിടയില്‍
നിര്‍വ്വചിക്കപ്പെടാത്ത ഇടമുണ്ടെന്നു
പറഞ്ഞ് തന്നവള്‍..!!

മൂന്നാം സൌഹൃദം :
==============

പിളരുന്തോറും
വളരുമെന്നു കരുതിയ
സൌഹൃദത്തിന്റെ രാഷ്ട്രീയം.
ഇടയ്ക്കെപ്പൊഴാണ്
ഈ മഴവില്‍ ചുവപ്പ്
മാഞ്ഞു തുടങ്ങിയത്.

മറ്റുസൌഹൃദങ്ങള്‍ക്ക് :
================

നന്ദി..
മൊഴിതെറ്റിയ
വാക്കിന്റെ കടവാവലുകളെ
കൊല്ലാതെ വിട്ടതിനു...!
കൈകൊണ്ട് തൊടാനാവാത്ത
ദൂരത്ത് നിന്നു
കരള്‍കൊണ്ട് തൊട്ടതിന്..!!!

-----------------------------------