Sunday, October 16, 2011

ജനറല്‍ കമ്പാര്‍ട്ട്മെന്റ്

പ്രിയേ,
ഞാനൊരു പരാജിതനായ
കാമുകന്‍ ആണ്.

ഒരിക്കല്‍ പോലും
എന്റെ പ്രണയം
നിന്നോട് പറഞ്ഞിട്ടില്ല.

ഒരു പ്രണയലേഖനം പോലും
എഴുതിയിട്ടില്ല.

മലബാര്‍ എക്സ്പ്രസ്സിന്റെ
ജനറല്‍ കമ്പാര്‍ട്ട്മെന്റിന്റെ
ടോയിലറ്റ് ചുമരില്‍
'ഐ ലവ് മീനാക്ഷി' എന്നു
നഖം കൊണ്ട് കോറിയിട്ടതില്‍
തുടങ്ങി ഒടുങ്ങുകമാത്രമായിരുന്നു
ആദ്യാവസാനം എന്റെ പ്രണയം.

Saturday, September 24, 2011

പുലികള്‍ മൂത്രമൊഴിക്കുന്ന സ്ഥലം.

.

കുളിമുറിയില്‍ ആണ്
എല്ലാ നിറങ്ങളും ഒലിച്ച്
മനസ്സ് പച്ച ആകുന്നത്.

ഡോക്റ്ററും
പച്ചക്കറി കച്ചവടക്കാരനും
സൈക്കിള്‍ റിക്ഷ ഓടിക്കുന്ന
ഗുജറാത്തിയും
വെള്ളത്തുള്ളിയില്‍ അലിഞ്ഞ്
ഒരു പോലെ
ആദാമിലേക്ക്
മടങ്ങിപ്പോകാറുണ്ട്.

ആശിഷ് തന്റെ മാനേജറെ
തെറിവിളിക്കുന്നതും
ഓഫീസില്‍ മസിലുപിടിച്ചിരിക്കുന്ന
സെയിത്സ് എക്സിക്യുട്ടീവ് പങ്കജ്
ഉറക്കെ പൊട്ടിച്ചിരിക്കുന്നതും
കുളിമുറിയിലേക്ക് ചെവി ചേര്‍ത്താല്‍
ഞാന്‍ കേള്‍ക്കാറുണ്ട്

ഇവിടെ
പുലികള്‍ ഇടം കാല്‍ പൊക്കി
പട്ടികളെ പോലെ
മൂത്രമൊഴിക്കാറുണ്ട്.
സിംഹങ്ങള്‍ കണ്ണാടി നോക്കി
കുരങ്ങുകളെ പോലെ പല്ലിളിക്കാറുണ്ട്.

എന്തിന്
കരടികള്‍ ലജ്ജയില്ലാതെ
മനുഷ്യനെ പോലെ രണ്ട് കാലില്‍
നടക്കാറുണ്ടത്രെ കുളിമുറികളില്‍.

ഒടുവില്‍
ഉടുപ്പുകള്‍ക്കൊപ്പം
നിറങ്ങളെല്ലാമണിഞ്ഞ്
അഛനോ അമ്മയോ
ഭാര്യയോ ഒക്കെ ആയി
പുറത്തിറങ്ങുന്നു.

പിന്നെയും
ഒരു കുളിമുറിയില്‍
പച്ച വെള്ളത്തെക്കാള്‍
പച്ചയാകുന്നത് വരെ.


--------------------------

Saturday, September 10, 2011

എന്റെ ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍ക്ക്..!!!

ഒന്നാം സൌഹൃദം :
====================

പ്രണയത്തിന്റെ പൊള്ളലേറ്റവന്‍
ഇന്നൊരു മഞ്ഞു കട്ടയുടെ
തെളിഞ്ഞ സ്നേഹത്തിലേക്ക്
സ്വതന്ത്രനായവന്‍.

രണ്ടാം സൌഹൃദം :
=============

പ്രണയവും സൌഹൃദവും അല്ലാതെ
നമുക്കിടയില്‍
നിര്‍വ്വചിക്കപ്പെടാത്ത ഇടമുണ്ടെന്നു
പറഞ്ഞ് തന്നവള്‍..!!

മൂന്നാം സൌഹൃദം :
==============

പിളരുന്തോറും
വളരുമെന്നു കരുതിയ
സൌഹൃദത്തിന്റെ രാഷ്ട്രീയം.
ഇടയ്ക്കെപ്പൊഴാണ്
ഈ മഴവില്‍ ചുവപ്പ്
മാഞ്ഞു തുടങ്ങിയത്.

മറ്റുസൌഹൃദങ്ങള്‍ക്ക് :
================

നന്ദി..
മൊഴിതെറ്റിയ
വാക്കിന്റെ കടവാവലുകളെ
കൊല്ലാതെ വിട്ടതിനു...!
കൈകൊണ്ട് തൊടാനാവാത്ത
ദൂരത്ത് നിന്നു
കരള്‍കൊണ്ട് തൊട്ടതിന്..!!!

-----------------------------------

Thursday, June 9, 2011

വീട്

പ്രണയത്തിലേക്ക്
നടന്നു കയറിയപ്പോൾ
ഇറയത്ത്
ഊരിവെച്ച വീട്
തിരിച്ചിറങ്ങുമ്പോൾ
പാകമാകാതെ
തുറിച്ചു നോക്കുന്നു

Friday, May 20, 2011

ഒരൊറ്റ വാക്ക്

നിന്നോട് സംസാരിച്ച്
എന്റെ വാക്കുകളെല്ലാം
തീര്‍ന്നു പോകുന്നു.

എങ്കിലും,

ഞാന്‍ പറയാതെ
കാത്തു വെച്ചിട്ടുണ്ട്
നെഞ്ചിന്‍ കൂടിനുള്ളില്‍
മൂന്നക്ഷരമുള്ള
ഒരൊറ്റ വാക്ക്

Sunday, February 20, 2011

ഇരുട്ടില്‍ കട്ടപിടിക്കുന്ന ചിലത്..!

പ്രണയത്തില്‍ പെട്ട്
തൂങ്ങിച്ചത്തവന്റെ മുഴുമിക്കാത്ത
അവസാനത്തെ
നിശ്വാസം കേട്ടിട്ടുണ്ടോ

അല്ലെങ്കില്‍ വെട്ടേറ്റൂ
കൊല്ലപ്പെടുന്നവന്റെ പാതിയില്‍
മുറിഞ്ഞ നിലവിളി

അതുമല്ലെങ്കില്‍
ബലാത്സംഗത്തിനിടയില്‍
പതിനാലു കാരിയുടെ
തൊണ്ടയില്‍ കുടുങ്ങിപ്പോയ
പുറത്തു വരാത്ത ഒരു തേങ്ങല്‍

ഭ്രൂണഹത്യയില്‍
അവസാനിച്ച പെണ്‍കുട്ടിയുടെ
ഇടയ്ക്കെവിടെയോ നിലച്ചു പോയ
ഒരു മിടിപ്പ്

മുഴുവനാവാത്ത ഈ ശബ്ദങ്ങളെല്ലാം
കല്ലിച്ചു നില്‍ക്കുന്നതു കൊണ്ടാവാം
രാത്രിയുടെ നിശ്ശബ്ദത
ഇത്രയ്ക്ക് കറുത്തു പോയത്.