Sunday, October 24, 2010

സെന്‍സര്‍ കട്ട്.

ഭൂമിക്ക് ആപ്പിളിനോട്
ഉള്ളതു പോലെ
എനിക്ക് ഭാനുഏടത്തിയുടെ മകള്‍
വനജയോടും ഒരു ആകര്‍ഷണ ബലം
ഉണ്ടായിരുന്നു

വനജ കുരുത്തം കെട്ടവളാണെന്ന്
നാട്ടില്‍ ഒരു വര്‍ത്താനം ഉള്ളതിനാല്‍
ഞാന്‍ ഇതിനെ
ഗുരുത്വാകര്‍ഷണം എന്നു
വിളിച്ചാല്‍ അത് ഒരു
അപരാധമായിരിക്കും.

ന്യൂട്ടനു പകരം
ഇതാദ്യം കണ്ടുപിടിച്ചത്
മീങ്കാരന്‍ മുസ്തഫ ആയിരുന്നു
അയലയും അയലത്തെ പെണ്ണും
ചങ്ങായീടെ കണ്ണില്‍
പെടാണ്ട് പോവൂല്ലാത്രെ.

പിന്നീട് ജാതവേദന്‍
ഇതിനെ ലവ് ജിഹാദ് എന്നു വിളിച്ചു
ജാവേദ് ഞാന്‍ കാഫര്‍
ആണെന്നും പറഞ്ഞു.
ജാവേദും ജാതവേദും
ഒരക്ഷരം ഒരു സംസ്കാരം തന്നെ
മാറ്റിയെന്നു ചിന്തിക്കുന്ന .......* മക്കള്‍

അവളുടെ കണ്ണുകളില്‍
ആകാശം പ്രതിബിംബിക്കുകയും
ചുണ്ടുകളില്‍ ചെറിപ്പഴങ്ങള്‍
കായ്ക്കുകയും ചെയ്യുമായിരുന്നു

പ്രണയത്തിനു മതമില്ലന്നും
മതത്തെ കെട്ടിപ്പിടിക്കുന്നതിനെക്കാള്‍
സുഖം വനജയെ കെട്ടിപ്പിടിക്കാന്‍
ആണെന്നും ഞാന്‍
സൂര്യാ വാര്‍ത്തകളോട് പറഞ്ഞു.

ഏതായാലും മൂന്നാമത്തെ ദിവസം
വനജ അപ്പുറത്തെ വീട്ടിലെ
രാജേന്ദ്രന്റെ കൂടെ ഒളിച്ചോടിയതു കാരണം
ഞാന്‍ കയ്യും കാലും ഒക്കെ
മുഴുവന്‍ ഉള്ള രൂപത്തില്‍
തന്നെ ഇപ്പഴും ജീവിക്കുന്നു.



===============
* സെന്‍സര്‍ കട്ട്

1 comment: