Saturday, June 26, 2010

യക്ഷി

കാറ്റുപോലും പ്രണയം ചുരത്തുന്ന
കര്‍ക്കിടകം കനത്തുപെയ്യുന്ന നാള്‍.
വാകപൂത്ത കരിമ്പനക്കാട്ടിലെ
ചോരപൂക്കുന്ന രാവിന്റെ മാറിലായ്

മുല്ലമൂടും മുടിയും മനസ്സിന്റെ
ചില്ലുവാതില്‍ തുറക്കും ചിരിയുമായ്
മെല്ലെ വന്നു വിളിച്ചു മദാലസം
ചൊല്ലി നീ നിന്‍ പ്രണയം പകുക്കുമോ

എന്തു വാക്ക് മറുപടി നല്‍കണം
ചിന്തപാഞ്ഞു മനസ്സില്‍ തീമിന്നലായ്
ചൊല്ലി ഞാന്‍ നിന്റെ രക്തം തുടിക്കുന്ന
ചുണ്ടുകള്‍ നീ പകരം കൊടുക്കുമോ.

മന്ദഹാസം മറുപടി, കണ്ണില്‍
നിന്നുത്തരം പോലെ കൊള്ളിമീന്‍ വീഴവേ
ഒട്ടുനേരമെന്‍ മാറില്‍ മുഖം ചേര്‍ത്തു,
ചങ്കിലേക്കാഴ്ന്നിറങ്ങുന്നു പല്ലുകള്‍

ദു:ഖമില്ലെന്‍ പ്രണയിനീ നീ എന്റെ,
വ്യര്‍ഥ ജീവന്‍ കുടിക്കുന്ന മാത്രയില്‍
ചങ്കിലാഴ്ത്തി ത്തറച്ച നിന്‍ പല്ലുകള്‍
തന്ന ചുംബനത്തിന്‍ രക്തസാന്ത്വനം
കൊണ്ട് ധന്യമായ് പ്രേമം മരണത്തിന്‍
കണ്ണുകളത് കാണാതെ പോകുമോ.


മോക്ഷമാണ് പ്രണയം, മരണവും
മോക്ഷമാണ്, പിന്നെന്തിനീ ജീവിതം.

1 comment:

  1. ജീവിതമില്ലെങ്കിൽ, പിന്നെന്തു പ്രണയം, മരണം... നല്ല കവിത.. പ്രണയത്തിന്റെ തീവ്രത നിറഞ്ഞുനിൽക്കുന്ന വരികൾ

    ReplyDelete